സംസ്ഥാനത്ത് ആയിരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭക്ഷ്യധാന്യ കിറ്റ്

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് ആയിരം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ
 

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് ആയിരം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സപ്ലെകോ മുഖേനയാണ് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുക.

ഐഡി കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നൽകിയവർ എന്നിവർക്കാണ് കിറ്റ് നൽകുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസർമാർ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിർദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചു കിലോഗ്രാം അരി, ഒരു കിലോഗ്രാം ചെറുപയർ, 500 എംഎൽ വെളിച്ചെണ്ണ, ഒരു കിലോഗ്രാം പഞ്ചസാര, ഒരു കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കൾ.