സർക്കാരിനെ അട്ടിമറിക്കാൻ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 13 പേർ അറസ്റ്റിൽ

വാഷിങ്ടൺ: യുഎസിലെ മിഷിഗണിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാനും സർക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിട്ടതിന് 13 പേരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ) അറസ്റ്റ് ചെയ്തു. മിഷിഗൺ ഡെമോക്രാറ്റിക് ഗവർണർ ഗ്രെച്ചൻ
 

വാഷിങ്ടൺ: യുഎസിലെ മിഷിഗണിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാനും സർക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിട്ടതിന് 13 പേരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ) അറസ്റ്റ് ചെയ്തു. മിഷിഗൺ ഡെമോക്രാറ്റിക് ഗവർണർ ഗ്രെച്ചൻ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാനും യുഎസ് സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിട സമുച്ചയം ആക്രമിക്കാനും പദ്ധതിയിട്ട വോൾവറിൻ വാച്ച്മാൻ മിലിഷ്യ ഗ്രൂപ്പിൽ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിശിത വിമർശകയാണ് ഡെമോക്രാറ്റിക് നേതാവായ ഗ്രെച്ചൻ വിറ്റ്മർ. മാസങ്ങളുടെ ആസൂത്രണത്തിനും റിഹേഴ്സലിനും ശേഷമാണ് വിറ്റ്മറെ അവരുടെ അവധിക്കാല വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി പ്രതികൾ തയ്യാറാക്കിയത്.

ഫെഡറൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതികളായ ആദം ഫോക്സ്, ടൈ ഗാർബിൻ, കാലെബ് ഫ്രാങ്ക്സ്, ഡാനിയൽ ഹാരിസ്, ബ്രാൻഡൻ കാസെർട്ട, ബാരി ക്രോഫ്റ്റ് എന്നിവർ മാസങ്ങളോളം ഗൂഡാലോചന നടത്തിയെന്നും ഇതിലേക്കായി പരിശീലനം നടത്തുകയും ചെയ്തതായി പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം. പോലീസിനെയും സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിങ്ങിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടതിനാണ് മറ്റ് 7 പേരെ അറസ്റ്റ് ചെയ്തത്.

ആറ് പേർക്കെതിരെ ഫെഡറൽ കോടതിയിലും മറ്റ് ഏഴ് പേർക്കെതിരെ സംസ്ഥാന കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.