തായ്‌ലൻഡിൽ വൻ ദുരന്തം: 11 വയസുകാരൻ ഓടിച്ച ട്രക്ക് തീർത്ഥാടകരായ സന്യാസിമാരുടെ ഇടയിലേക്ക് ഇടിച്ചുകയറി 8 മരണം
ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്‌ലൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർത്ഥാടകരായ ബുദ്ധസന്യാസിമാരുടെ സംഘത്തിലേക്ക് ഇടിച്ചുകയറി എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 14 സന്യാസിമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
വ്യാഴാഴ്ച വടക്കുകിഴക്കൻ തായ്‌ലൻഡിലെ മുക്ദഹാൻ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് പദയാത്ര നടത്തുകയായിരുന്ന 35 സന്യാസിമാരുടെ സംഘത്തിലേക്കാണ് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറിയത്. യാത്ര തുടങ്ങി അരമണിക്കൂറിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു.
അഞ്ച് സന്യാസിമാർ സംഭവസ്ഥലത്തു വച്ചും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. റോഡിന്റെ വശങ്ങളിലൂടെ വരിവരിയായി നടന്നുപോവുകയായിരുന്ന സന്യാസിമാരുടെ ഇടയിലേക്ക് ട്രക്ക് അമിതവേഗതയിൽ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വാഹനം ഓടിച്ചിരുന്ന 11 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടിയെ ചോദ്യം ചെയ്യുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.