സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും

 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ സൗദിയിലെ ജിദ്ദയിൽ എത്തിച്ചു. നേവിയുടെ ഐഎൻഎസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ജിദ്ദ തുറമുഖത്ത് ഇവരെ സ്വീകരിച്ചു. 

സൗദി സമയം രാത്രി 11 മണിയോടെ 278 പേരുമായി നാവികസേനയുടെ ഐഎൻഎസ് സുമേധ ജിദ്ദ തുറമുഖത്ത് എത്തി. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ സി 130 വിമാനത്തിലും പോർട്ട് സുഡാനിൽ നിന്ന് കൂടുതൽ പേരെ ജിദ്ദയിൽ എത്തിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഇവർക്ക് താത്കാലിക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്

ജിദ്ദയിൽ നിന്ന് ഇവരെ എത്രയും വേഗം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും. കൂടുതൽ ഇന്ത്യക്കാരെ സുഡാനിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി നേവിയുടെ ഐഎൻഎസ് തേഗും പോർട്ട് സുഡാനിൽ എത്തിയിട്ടുണ്ട്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.