ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈയും: പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും

 

ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈ. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച മുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടിയുമായി കമ്പനി രംഗത്തെത്തിയത്. അതേസമയം, മൊത്തം ജീവനക്കാരിൽ എത്ര പേർക്കാണ് തൊഴിൽ നഷ്ടമാകുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വർഷം മുതൽ തന്നെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നടപടികൾ സ്പോട്ടിഫൈ ആരംഭിച്ചിരുന്നു. 2022 ഒക്ടോബറിൽ പോഡ്‌കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്‌കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. നിലവിൽ, 9,800 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മെറ്റ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ തുടങ്ങിയ വൻകിട കമ്പനികൾ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് കമ്പനികളും പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുന്നത്.