ജോർജിയയിലെ ഹ്യുണ്ടായ് പ്ലാൻ്റ് നിർമ്മാണ സൈറ്റിൽ ഫെഡറൽ ഏജൻ്റുമാരുടെ റെയ്ഡ്; നൂറുകണക്കിന് ആളുകൾ അറസ്റ്റിൽ
അമേരിക്കയിലെ ജോർജിയയിലുള്ള ഹ്യുണ്ടായ് ഇലക്ട്രിക് വാഹന പ്ലാൻ്റ് നിർമ്മാണ സ്ഥലത്ത് ഫെഡറൽ ഏജൻ്റുമാർ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ആളുകൾ അറസ്റ്റിലായി. അനധികൃതമായി ജോലി ചെയ്യുന്നുവെന്ന് ആരോപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, എഫ്ബിഐ, ഡിഇഎ, എടിഎഫ് തുടങ്ങിയ ഏജൻസികളാണ് സംയുക്തമായി റെയ്ഡ് നടത്തിയത്.
സവാനയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഹ്യുണ്ടായിയുടെ 3,000 ഏക്കർ വിസ്തൃതിയുള്ള പ്ലാൻ്റ് സൈറ്റിലാണ് പരിശോധന നടന്നത്. റെയ്ഡിനെ തുടർന്ന് ബാറ്ററി പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. അനധികൃത തൊഴിൽ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 450 പേർ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരിൽ ദക്ഷിണ കൊറിയൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ ദക്ഷിണ കൊറിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ജോർജിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട ഈ പ്ലാൻ്റ്, പൂർത്തിയായാൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റെയ്ഡ് പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചു.