അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആറ് പേരുമായി പോയ ചെറുവിമാനം തകർന്നുവീണു
Feb 1, 2025, 08:26 IST
അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരിൽ ആരും രക്ഷപ്പെട്ടതായി റിപ്പോർട്ടുകളില്ല. വിമാനം തകർന്നുവീണതിനെ തുടർന്ന് കെട്ടിടവും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടുത്തം മൂലം മാളിനു സമീപത്തേക്കുള്ള റോഡുകൾ അടച്ചുവെന്ന് ഫിലാഡെൽഫിയ ഓഫീസ് ഓഫ് എമർജൻസി മാനേജ്മെന്റ് അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം ഒരു പാസഞ്ചർ വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ 67 പേർ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അപകടമുണ്ടായത്.