മലയാളി വംശജൻ അനിൽ മേനോനും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിച്ചു; ചരിത്ര നേട്ടം
ന്യൂയോർക്ക്: മലയാളി വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോനും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ISS) വിജയകരമായി എത്തിച്ചേർന്നു. റഷ്യയുടെ സോയൂസ് MS-29 (Soyuz MS-29) പേടകത്തിൽ യാത്ര തിരിച്ച സംഘം പുലർച്ചെ 2 മണിയോടെയാണ് നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
റഷ്യൻ കോസ്മോനാട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കി കിന എന്നിവരാണ് അനിൽ മേനോനൊപ്പമുള്ളത്. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ചൊവ്വാഴ്ച രാത്രി 8:17-ന് (ഇന്ത്യൻ സമയം) പുറപ്പെട്ട പേടകം മൂന്ന് മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം രാത്രി 11:52-ഓടെ ബഹിരാകാശനിലയവുമായി വിജയകരമായി ഘടിപ്പിച്ചു (Docking). തുടർന്ന് പേടകത്തിലെയും നിലയത്തിലെയും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുലർച്ചെ 2 മണിയോടെ ഇവർ ബഹിരാകാശനിലയത്തിലേക്ക് പ്രവേശിച്ചത്.
പാലക്കാട് ഒട്ടപ്പാലം സ്വദേശിയായ കെ.പി. ശങ്കരൻ മേനോന്റെ മകനായ അനിൽ മേനോൻ, ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളി വംശജൻ കൂടിയാണ്. എട്ട് മാസം നീളുന്ന ദൗത്യത്തിനായി ബഹിരാകാശനിലയത്തിൽ എത്തിയ സംഘം 2027 ഏപ്രിലിലായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക.
രാത്രി 11.52ന് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പ്രച്ചാൽ മൊഡ്യൂളിൽ വിജയകരമായ ഡോക്ക് ചെയ്‌തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശനിലയത്തിൽ പ്രവേശിക്കുമെന്ന് കരുതിയെങ്കിലും കാത്തിരിപ്പ് അൽപസമയം നീണ്ടു. ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കാനിരിക്കെ ട്രാക്കിംഗ്, ഡാറ്റ റിലേ ഉപഗ്രഹങ്ങളുമായുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടതിനാൽ തത്സമയ സംപ്രേഷണം താൽക്കാലികമായി തടസപ്പെട്ടു.