തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി അനൂട്ടിൻ ചാൻവിരാകുലിനെ തിരഞ്ഞെടുത്തു
ബാങ്കോക്ക്: തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഭുംജയ്തായ് പാർട്ടി നേതാവായ അനൂട്ടിൻ ചാൻവിരാകുലിനെ പാർലമെൻ്റ് തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി പയേതോങ്താൻ ഷിനവത്രയെ നീക്കം ചെയ്തതിനെത്തുടർന്ന് രാജ്യം ഒരു രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ നടന്ന വോട്ടെടുപ്പിലാണ് അനൂട്ടിൻ ഭൂരിപക്ഷം നേടി പ്രധാനമന്ത്രി പദത്തിലെത്തിയത്.
നേരത്തെ പയേതോങ്താന്റെ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അനൂട്ടിൻ, കഴിഞ്ഞ ആഴ്ച പയേതോങ്താനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെക്കുകയും സ്വന്തം പാർട്ടിയെ സർക്കാരിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ, പ്രതിപക്ഷത്തുള്ള പീപ്പിൾസ് പാർട്ടിയുടെ പിന്തുണ അനൂട്ടിന് നിർണായകമായി. നാല് മാസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്നും ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരുമെന്നും അനൂട്ടിൻ പീപ്പിൾസ് പാർട്ടിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഒരു പ്രമുഖ വ്യവസായി കൂടിയായ അനൂട്ടിൻ, തായ്‌ലൻഡിൽ കഞ്ചാവ് നിയമവിധേയമാക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചയാളെന്ന നിലയിൽ ശ്രദ്ധേയനാണ്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ആരോഗ്യ മന്ത്രി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു യാഥാസ്ഥിതിക നേതാവാണ് അനൂട്ടിൻ ചാൻവിരാകുൽ. നിലവിൽ അധികാരത്തിലിരുന്ന ഫ്യൂ തായ് പാർട്ടിക്ക് പ്രതിസന്ധി നേരിട്ടതോടെയാണ് ഭരണം അനൂട്ടിന്റെ നേതൃത്വത്തിലുള്ള ഭുംജയ്തായ് പാർട്ടിക്ക് ലഭിച്ചത്.