{"vars":{"id": "89527:4990"}}

നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ
 

 

സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട കലാപം ബുധനാഴ്ചയും തുടരുന്നു. പുതിയ സർക്കാർ ചുമതലയേറ്റെടുക്കുന്നതുവരെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു

നിലവിൽ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഇത് തുടരും. ഇതിന് ശേഷം കർഫ്യൂ നിലവിൽ വരും. വ്യാഴാഴ്ച രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. 

കലാപം നിയന്ത്രണാതീതമായതിനെ തുടർന്ന് ആയുധധാരികളായ സൈനികർ കാഠ്മണ്ഡുവിന്റെ തെരുവുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകി

അതേസമയം നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ സുരക്ഷ ശക്തമാക്കാൻ യുപി സർക്കാർ നിർദേശം നൽകി. 24 മണിക്കൂർ നിരീക്ഷണത്തിനും കർശന പട്രോളിംഗിനുമാണ് നിർദേശം നൽകിയത്. ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ലെങ്കിലും അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.