{"vars":{"id": "89527:4990"}}

ആളിപ്പടർന്ന് പ്രക്ഷോഭം, 42 പേർ കൊല്ലപ്പെട്ടു; ഇറാനിൽ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട്
 

 

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ 42 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം രാജ്യാവ്യാപകമായി ആളിപ്പടരുന്നതിനിടെ രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിക്കെതിരെ മുദ്രവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. 

ടെഹ്‌റാൻ ബസാറിൽ ആരംഭിച്ച സമരം ഇസ്ഫഹാൻ, അബാദാൻ, കെർമൻഷ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചു. പഴയ രാജഭരണകാലത്തെ ഇറാൻ പതാകയുമേന്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഏകാധിപതിക്ക് മരണം, പഹ്ലവി തിരിച്ചുവരും തുടങ്ങിയ മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്

പ്രക്ഷോഭത്തിൽ 42 പേർ കൊല്ലപ്പെടുകയും 2270ലധികം പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇസ്ഫഹാനിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കെട്ടിടത്തിന് പ്രതിഷേധക്കാർ തീയിട്ടു. ടെഹ്‌റാനിൽ പ്രക്ഷോഭം നേരിടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഒടുവിൽ പിൻമാറി. ഇവരുടെ വാഹനങ്ങൾ പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു

വ്യാഴാഴ്ച രാത്രി മുതലാണ് ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഖൊമേനിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട റെസ പഹ്ലവി രാജകുമാരൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചത്.