{"vars":{"id": "89527:4990"}}

അറസ്റ്റ് വാറണ്ടല്ല നെതന്യാഹുവിന് വേണ്ടത് വധശിക്ഷ: ഖാംനഈ

 
ടെഹ്‌റാന്‍: ഗാസയില്‍ നടത്തുന്ന നരനായാട്ടിലുള്ള നടപടിയായി അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപടി മതിയായില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ഇസ്രയേലി നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറന്റ് ആയിരുന്നില്ല വധശിക്ഷയായിരുന്നു പുറപ്പെടുവിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഖാംനഈ, ഹമാസ് നേതാക്കള്‍ക്കെതിരെ ഐ സി സി സ്വീകരിച്ച നടപടിയെ വിമര്‍ശിച്ചു. കൊലപാതകം, പീഡനം, ദാരിദ്ര്യത്തെ യുദ്ധത്തിലെ ആയുധമായി ഉപയോഗപ്പെടുത്തല്‍ തുടങ്ങി ഗാസയിലെ സാധാരണക്കാര്‍ക്കെതിരായ വ്യാപകവും ക്രമാനുഗതവുമായുള്ള ചെയ്തികളുടെ ക്രിമിനല്‍ ഉത്തരവാദിത്തം നെതന്യാഹുവിനും ഗാലന്റിനുമുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഐ.സി.സിയുടെ ന്യായാധിപന്മാര്‍ വിലയിരുത്തിയിരുന്നു.