അയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാരം ഇന്ന് ജന്മനാട്ടിൽ; മഷാദിലേക്ക് ഒഴുകിയെത്തുന്നത് ഒന്നരക്കോടിയിലധികം ജനങ്ങൾ
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികശരീരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്‌കരിക്കും. ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമാണ് ഭൗതികശരീരം മഷാദിലെ ഇമാം റെസാ മസ്ജിദ് കോംപ്ലക്സിൽ എത്തിച്ചത്.
ഇന്ന് നടക്കുന്ന അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഒന്നരക്കോടിയോളം (1.5 കോടി) ആളുകൾ എത്തുമെന്നാണ് മഷാദ് ഗവർണർ ഹസൻ ഹുസൈനി വ്യക്തമാക്കിയത്. ജനബാഹുല്യം കണക്കിലെടുത്ത് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങുകളിൽ ഒന്നായി ഇത് മാറുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകളും മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും നിലനിൽക്കെയാണ് അതീവ സുരക്ഷയിൽ ഖാംനഈയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും പൂർത്തിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടെഹ്‌റാൻ, ഖോം എന്നിവടങ്ങളിലും അയൽരാജ്യമായ ഇറാഖിലെ കർബല, നജാഫ് എന്നീ പുണ്യനഗരങ്ങളിലും നടന്ന വിലാപയാത്രകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഖാംനഈക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.