ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്ന് ഇന്ത്യ; ബൈഡനെയും കമലയെയും ആശംസിച്ച് ലോക നേതാക്കൾ

അമേരിക്കയുടെ സാരഥ്യം ഏറ്റെടുത്തതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് ലോക രാജ്യങ്ങൾ. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊന്നിച്ച് പ്രവർത്തിക്കുമെന്ന്
 

അമേരിക്കയുടെ സാരഥ്യം ഏറ്റെടുത്തതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് ലോക രാജ്യങ്ങൾ. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ് വന്നത്. പൊതുവായുള്ള വെല്ലുവിളികളെ നേരിടുന്നതിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും യോജിച്ച് പ്രവർത്തിക്കാനാകുമെന്നും മോദി പറഞ്ഞു. കമലാ ഹാരിസിനെയും മോദി അഭിനന്ദിച്ചു. അതേസമയം ട്രംപുമായുള്ള മോദിയുടെ ബന്ധവും നമസ്‌തേ ഫ്രണ്ട്, ഇന്ത്യാ ഫ്രണ്ട് തുടങ്ങിയ പ്രയോഗങ്ങളും എടുത്ത് മോദി സമൂഹ മാധ്യമങ്ങൾ ട്രോളുന്നുമുണ്ട്.

സമാധാനവും സഹകരണവും സൃഷ്ടിക്കാൻ കഴിയട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. മുൻകാലങ്ങളിലെ അമേരിക്കയുടെ കറകൾ ബൈഡന് മായ്ക്കാൻ സാധിക്കട്ടെയെന്ന് ഇറാൻ പ്രതികരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയവരും ബൈഡനെയും കമലയെയും ആശംസിച്ചു

മേഖലയിലെ സമാധാനം കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കുവെച്ചത്. അതേസമയം റഷ്യയും ചൈനയും ബൈഡന്റെ സ്ഥാനാരോഹണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല