{"vars":{"id": "89527:4990"}}

വെടിനിർത്തലിനിടയിലും യമനിൽ ചോരപ്പുഴ; 1,200 ഓളം കുട്ടികൾക്ക് പരിക്ക്

 

സനാ: യുഎൻ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും യമനിൽ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് അറുതിയാകുന്നില്ലെന്ന് റിപ്പോർട്ട്. 2022 ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഏകദേശം 1,200 ഓളം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അന്താരാഷ്ട്ര സംഘടനയായ 'സേവ് ദ ചിൽഡ്രൻ' (Save the Children) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:

​"യുദ്ധം ഔദ്യോഗികമായി കുറഞ്ഞെങ്കിലും, കുട്ടികൾക്ക് അവരുടെ വീടുകളോ കളിക്കളങ്ങളോ ഇന്നും സുരക്ഷിതമല്ല. ഒളിഞ്ഞിരിക്കുന്ന സ്‌ഫോടകവസ്തുക്കൾ ഇന്നും യമനിലെ തലമുറകളെ വേട്ടയാടുകയാണ്," - സേവ് ദ ചിൽഡ്രൻ പ്രതിനിധി.

 

​യമനിലെ 1.1 കോടിയിലധികം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും ഏകദേശം 45 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിലെ കാലതാമസമാണ് വലിയൊരു ഭീഷണിയായി തുടരുന്നത്.

  • ആകെ അപകടങ്ങൾ: വെടിനിർത്തൽ കാലയളവിൽ 339 കുട്ടികൾ കൊല്ലപ്പെടുകയും 843 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
  • പ്രധാന വില്ലൻ: കരമൈനുകളും (Landmines) പൊട്ടിത്തെറിക്കാത്ത യുദ്ധോപകരണങ്ങളുമാണ് പകുതിയോളം കുട്ടികളുടെയും ജീവനെടുത്തത് അല്ലെങ്കിൽ അവരെ അംഗവൈകല്യത്തിലേക്ക് തള്ളിവുട്ടത്.
  • വർധനവ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്‌ഫോടകവസ്തുക്കൾ മൂലമുള്ള അപകടങ്ങളിൽ 12% വർധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
  • ജീവിതസാഹചര്യം: വിറക് ശേഖരിക്കാനോ കന്നുകാലികളെ മേയ്ക്കാനോ പോകുന്ന കുട്ടികളാണ് പലപ്പോഴും ഈ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിൽപ്പെടുന്നത്.