നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ മുസ്സയിൽ നിന്ന് ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി. കൃഷിയിടങ്ങളിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് കൗമാരക്കാരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. മഗുമേരി ഗ്രാമത്തിൽ രണ്ട് മണിക്കൂർ നീണ്ട ആക്രമണം നടത്തിയ തീവ്രവാദികൾ വാഹനങ്ങളും വീടുകളും കടകളും അടക്കം ഗ്രാമം തന്നെ അഗ്നിക്കിരയാക്കി
അസ്‌കിറ ഉബയിൽ കൃഷിയിടത്തിൽ നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ട് പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയെന്ന് ബോർണോ സ്‌റ്റേറ്റ് പോലീസ് അറിയിച്ചു. മഗുമേരിയിൽ പുലർച്ചെ ഒന്നരയ്ക്ക് എത്തിയ തീവ്രവാദികൾ വീടുകളും കടകളും തീയിട്ടതായും വെടിയുതിർത്തതായും പോലീസ് അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൈജീരിയൻ തലസ്ഥാനമായ അബൂജക്ക് സമീപം ഒരു സ്വകാര്യ കത്തോലിക്ക സ്‌കൂൾ ആക്രമിച്ച തീവ്രവാദികൾ നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു.