ചാർളി കിർക്ക് വെടിവെപ്പ്; പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ: അന്വേഷണം ഊർജിതം
പ്രമുഖ യാഥാസ്ഥിതിക പ്രവർത്തകനും ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാർളി കിർക്കിനെ വെടിവെച്ച കേസിലെ പ്രതി ഇപ്പോഴും ഒളിവിൽ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ എഫ്ബിഐയും യൂട്ടാ പൊലീസും സംയുക്തമായി പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താനായി ഊർജിതമായ അന്വേഷണം തുടരുകയാണ്.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്കിന് വെടിയേറ്റത്. തലയുടെ ഭാഗത്ത് വെടിയേറ്റ കിർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. വെടിവെപ്പിന് ശേഷം അക്രമി യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
കറുത്ത വസ്ത്രവും ബാക്ക്പാക്കും ധരിച്ച ഒരാളാണ് ദൃശ്യങ്ങളിലുള്ളത്. അമേരിക്കൻ പതാകയുടെ ചിത്രമുള്ള ടീ ഷർട്ടാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ഇയാൾക്ക് നടക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുള്ളതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യൂണിവേഴ്സിറ്റിക്ക് സമീപത്തെ വനത്തിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ചതായി കരുതുന്ന ബോൾട്ട്-ആക്ഷൻ റൈഫിൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വിരലടയാളവും പാദരക്ഷയുടെ അടയാളങ്ങളും ലഭിച്ചു.
പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 7,000-ത്തിലധികം വിവരങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.