പാക്കിസ്ഥാനിലെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് പിൻമാറി ചൈന; പിൻമാറ്റം 60 ബില്യൺ ഡോളർ പദ്ധതിയിൽ നിന്ന്
പാക്കിസ്ഥാനിലെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്നു ചൈന പിന്മാറി. ഇന്ത്യ-ചൈന ബന്ധം ദൃഢമാകുന്നതും അമേരിക്കയുമായി പാക്കിസ്ഥാൻ കൂടുതൽ അടുക്കുന്നതുമാണ് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ. 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയിൽ നിന്നാണ് ചൈനയുടെ പിൻമാറ്റം.
ചൈനയുടെ സിൻജിയാങ് മേഖലയെ പാക്കിസ്ഥാനിലെ തുറമുഖമായ ഗ്വാദറുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി. ഇത്തരമൊരു ഇടനാഴിയുണ്ടാക്കുന്നത് ദക്ഷിണേഷ്യയും മധ്യേഷ്യയും മിഡിൽ ഈസ്റ്റും ആഫ്രിക്കയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ഊർജിതമാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് ചൈനയുടെ ഊർജ ഇറക്കുമതിയ്ക്കും സഹായകരമാകുമെന്നായികുന്നു വിലയിരുത്തൽ.
പദ്ധതിയിൽ നിന്ന് ചൈന പിന്മാറിയതോടെ ധനസഹായത്തിനായി പാക്കിസ്ഥാൻ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനെ സമീപിച്ചേക്കും. കറാച്ചിയിൽ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റർ പാതയുടെ ഭാഗമായ കറാച്ചി-റോഹ്രി ഭാഗത്തിന്റെ നവീകരണത്തിന് പാക്കിസ്ഥാൻ രണ്ടു ബില്യൺ ഡോളർ വായ്പ തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.