ലണ്ടനിലെ ചൈനീസ് മെഗാ എംബസി തടവറയായേക്കാം; വിമതരെ പാർപ്പിക്കാൻ രഹസ്യ അറകളെന്ന് ആശങ്ക
ലണ്ടൻ: ലണ്ടനിൽ ചൈന പുതുതായി നിർമിക്കാൻ അനുമതി തേടിയ കൂറ്റൻ 'മെഗാ എംബസി' സമുച്ചയം രാഷ്ട്രീയ തടവറയായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്. വിയോജിപ്പുള്ളവരെയും ചൈനീസ് ഭരണകൂടത്തിന്റെ വിമതരെയും രഹസ്യമായി തടങ്കലിൽ പാർപ്പിക്കാൻ ഈ സമുച്ചയം ഉപയോഗിച്ചേക്കാമെന്നാണ് യുകെയിലെ ഹോങ്കോങ് ജനാധിപത്യ അനുകൂല കൂട്ടായ്മകൾ ആരോപിക്കുന്നത്.
പ്ലാനിങ് രേഖകൾ പ്രകാരം 6,14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വലിയ കോംപ്ലക്സിൽ ഇരുന്നൂറിലധികം വരുന്ന മുറികളുടെയും ചില ഭൂഗർഭ തുരങ്കങ്ങളുടെയും കൃത്യമായ ഉപയോഗം ചൈന പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈന ഈ വിവരങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ (Diplomatic Immunity) എംബസിക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ബ്രിട്ടീഷ് നിയമപാലകർക്ക് അധികാരമുണ്ടാകില്ല. ഇത് ദുരുപയോഗം ചെയ്ത് ആളുകളെ അനധികൃതമായി തടവിലിടാൻ സാധ്യതയുണ്ടെന്നാണ് പ്രധാന ആശങ്ക.
ഇതിനുപുറമേ, ലണ്ടനിലെ പ്രധാന സാമ്പത്തിക-വിവരസാങ്കേതിക കേന്ദ്രങ്ങൾക്ക് തൊട്ടടുത്താണ് ഈ സമുച്ചയം വരുന്നത്. പ്രദേശത്തെ പ്രധാന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്ക് മുകളിലാണ് നിർമാണം എന്നതിനാൽ ഇത് വലിയ തോതിലുള്ള സൈബർ ചാരവൃത്തിക്കും ഡാറ്റാ ചോർച്ചയ്ക്കും കാരണമായേക്കാമെന്ന് യുകെയിലെ രഹസ്യാന്വേഷണ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.