നേപ്പാളിൽ വർഗീയ സംഘർഷം: പോലീസിന്റെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; കർഫ്യൂ പ്രഖ്യാപിച്ചു
കാഠ്മണ്ഡു: ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ സൺസരി (Sunsari) ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തെത്തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി കപ്താങ്കഞ്ച് (Kaptanganj) പ്രദേശത്തുണ്ടായ സംഘർഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച കർഫ്യൂ നിലവിൽ വന്നു.
ദേവാംഗഞ്ച് ഗ്രാമപഞ്ചായത്ത് സ്വദേശിയായ ഓം പ്രകാശ് മേത്ത (24) ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും പതാകകൾ സ്ഥാപിക്കുന്നതിനെയും ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമാവുകയും ഇരുവിഭാഗവും തമ്മിൽ പരസ്പരം കല്ലേറും ആക്രമണവും നടത്തുകയും ചെയ്തതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേന ആദ്യം ആകാശത്തേക്ക് വെടിവെച്ചെങ്കിലും അക്രമം തുടർന്നതോടെയാണ് ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത്. കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവം വൻ പ്രതിഷേധത്തിന് കാരണമായതോടെ തിങ്കളാഴ്ച രാവിലെ 7 മണി മുതൽ സൺസരി ജില്ലയിലെ പ്രധാന അഞ്ച് വിപണി കേന്ദ്രങ്ങളിൽ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിലധികം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ബിഹാറുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.