ഒരുതുള്ളി വെള്ളമോ ഭക്ഷണമോ ഇറക്കാൻ കഴിയാത്ത മരണം; ആശുപത്രിയിൽ എത്തിയതുമുതൽ വീൽച്ചെയറിൽ ജീവിതം: പർവ്വേസ് മുഷറഫിൻ്റെ അവസാന നാളുകൾ കഷ്ടത നിറഞ്ഞത്

 

പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് ജനറൽ പർവേസ് മുഷറഫ് വെള്ളിയാഴ്ച അന്തരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അമിലോയിഡോസിസ് രോഗബാധിതനായിരുന്നു പർവ്വേസ് മുഷറഫെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ജൂൺ 10 നാണ് അമിലോയിഡോസിസ് എന്ന അസുഖത്തെ തുടർന്ന് മുഷറഫിനെ യുഎഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അത് ക്രമേണ അവയവങ്ങളെ ബാധിക്കുകയായിരുന്നു. 2022  ജൂണിലാണ് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി കിടപ്പിലായിരുന്ന മുഷ്റഫ് വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 

അന്തരിച്ച മുൻ പ്രസിഡൻ്റുകൂടിയായ പർവേസ് മുഷറഫിനെ അനുസ്മരിച്ച് ഇമ്രാൻ ഖാൻ സർക്കാരിൽ മന്ത്രിയായിരുന്ന ഫവാദ് ഹുസൈൻ രംഗത്തെത്തി. പർവേസ് മുഷറഫ് അന്തരിച്ചു, അദ്ദേഹം ഒരു മഹാനായിരുന്നു- ട്വീറ്റിലൂടെ അദ്ദേഹം പർവ്വേസിനെ അനുസ്മരിച്ചു

സ്വാതന്ത്ര്യത്തിനു ശേഷം പർവ്വേസിൻ്റെ പിതാവിനെ പാകിസ്ഥാനിൽ നിന്ന് തുർക്കിയിലേക്ക് മാറ്റിയിരുന്നു. 1949 ൽ അദ്ദേഹം തുർക്കിയിലേക്ക് പോയി. കുറച്ചുകാലം അദ്ദേഹം കുടുംബത്തോടൊപ്പം തുർക്കിയിൽ താമസിച്ചു, അവിടെവച്ച് അദ്ദേഹം തുർക്കി ഭാഷ സംസാരിക്കാനും പഠിച്ചു. 1957-ൽ മുഷ്റഫിൻ്റെ കുടുംബം വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങിയെത്തി. കറാച്ചിയിലെ സെൻ്റ് പാട്രിക് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ കോളേജ് വിദ്യാഭ്യാസവും പർവ്വേസ് മുഷ്റഫ് പൂർത്തിയാക്കി.

പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തി കൂടിയാണ് പർവേസ് മുഷറഫ്. പാക്കിസ്ഥാൻ്റെ ചരിത്രത്തിലാദ്യമായാണ് പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേത്ത് അധ്യക്ഷനായ പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരമൊരു ശിക്ഷ വിധിച്ചത്. 2007 നവംബർ 3 ന് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും 2007 ഡിസംബർ പകുതി വരെ ഭരണഘടന സസ്പെൻഡ് ചെയ്യുകയും ചെയ്തതിന് 2013 ഡിസംബറിൽ പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. 2014 മാർച്ച് 31 നാണ് മുഷറഫ് ശിക്ഷിക്കപ്പെട്ടത്. 79 കാരനായ മുഷറഫ് 1999 മുതൽ 2008 വരെ പാകിസ്ഥാൻ ഭരിച്ചിരുന്നു. 2016 മാർച്ച് മുതൽ ദുബായിലാണ് മുഷറഫ് കഴിഞ്ഞുവരുന്നത്.