{"vars":{"id": "89527:4990"}}

സ്വിറ്റ്‌സർലൻഡിലെ റിസോർട്ടിലെ സ്‌ഫോടനം: മരണസംഖ്യ 40 ആയി; അട്ടിമറി സാധ്യത തള്ളി അധികൃതർ
 

 

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ ആഡംബര സ്‌കീ റിസോർട്ടിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയും വിദേശികളാണ്

സ്‌ഫോടനത്തിന് പിന്നാലെ ബാറിൽ നിന്ന് അഗ്നിഗോളങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. സ്വിറ്റ്‌സർലൻഡിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് പ്രസിഡന്റ് ഗയ് പർമേലിൻ സ്‌ഫോടനത്തെ വിലയിരുത്തിയത്. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല

അതേസമയം സംഭവത്തിന് പിന്നിൽ അട്ടിമറിയോ ഭീകരാക്രമണമോ എന്ന അഭ്യൂഹങ്ങൾ അധികൃതർ തള്ളി. മരിച്ചവരെ തിരിച്ചറിയാൻ സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ 1.30ഓടെയാണ് സ്‌ഫോടനം നടന്നത്. നൂറിലേറെ പേർ ഈ സമയത്ത് ബാറിലുണ്ടായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.