{"vars":{"id": "89527:4990"}}

പരീക്ഷണങ്ങളുടെ പതിറ്റാണ്ടുകള്‍; കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

 
കാന്‍ബറ: കാഴ്ച്ചയില്ലാത്തതിനാല്‍ ജീവിതം ഇരുട്ടിലായവര്‍ക്ക് ആശ്വസിക്കാന്‍ വകയുമായി ഒരു സംഘം ഗവേഷകര്‍. 'ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം' എന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കൃത്രിമ കണ്ണ് (ബയോണിക് ഐ) വികസിപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്ര ഗവേഷകര്‍. പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുമാണ് ഇതിലൂടെ ശുഭകരമായ അന്ത്യം ഉണ്ടായിരിക്കുന്നത്. ഒരു വിഷന്‍ പ്രൊസസറും മിനിയേച്ചര്‍ കാമറയും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയെന്നും കണ്ടുപിടുത്തത്തിന് നേതൃത്വം നല്‍കിയ ശാസ്ത്ര സംഘം വിശദീകരിച്ചു. പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് കാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ സിഗ്നലുകളായി അയക്കും. ഈ സിഗ്നലുകളെ മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്ളാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ മസ്തിഷ്‌കം പരിശീലിക്കുന്ന രീതിയാണ് ബയോണിക് ഐ സംവിധാനത്തിന്റെ പ്രവര്‍ത്തനം. താമസിക്കാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. പുതിയ കണ്ടുപിടുത്തത്തില്‍ തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് വര്‍ണങ്ങളുടെ മായാക്കാഴ്ചയിലേക്കുള്ള ജാലകമാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ പിറവിയെടുക്കാന്‍ പോകുന്നത്. ഒപ്റ്റിക് നാഡികള്‍ക്ക് സംഭവിക്കുന്ന തകരാറാണ് ഒരു മനുഷ്യന്റെ ജീവിതത്തെ പൂര്‍ണ്ണമായും ഇരുട്ടിലേക്കു തള്ളിവിടുന്നത്. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണിവ. ശാസ്ത്രം ഒരുപാട് നാഴികക്കല്ലുകള്‍ താണ്ടിയെങ്കിലും ഇതുവരേയും ഈ പ്രശ്‌നത്തെ വിജയകരമായി മറികടക്കുന്നതില്‍ പകച്ചുനില്‍ക്കുകയായിരുന്നു.