{"vars":{"id": "89527:4990"}}

ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം; ഇറാൻ ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തി

 

ഇറാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്നുകില്‍ ഇറാനുമായി കരാര്‍, അല്ലെങ്കില്‍ മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ആക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപും തമ്മില്‍ അഭിപ്രായഭിന്നതയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇറാന് നേരെ ചൊവ്വാഴ്ച നടത്താനിരുന്ന ആക്രമണങ്ങള്‍ മാറ്റിവച്ചതില്‍ നെതന്യാഹു ട്രംപിനെ പ്രതിഷേധം അറിയിച്ചതായി അമേരിക്കന്‍ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈനിക നടപടി പുനരാരംഭിക്കാന്‍ ട്രംപിനു മേല്‍ നെതന്യാഹു സമ്മര്‍ദ്ദം ചെലുത്തിയതായും വിവരമുണ്ട്.

അതേസമയം ഇറാനും അമേരിക്കയും തമ്മില്‍ പാകിസ്താന്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു. സമ്മര്‍ദത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തിരിച്ചടിച്ചു. നയതന്ത്ര പരിഹാരത്തിനുള്ള എല്ലാ വഴികളും ഇറാന്‍ തുറന്നിട്ടിരിക്കുകയാണെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍ അമേരിക്കയ്ക്ക് സമര്‍പ്പിച്ച 14 ഇന നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായി അഞ്ചിന നിര്‍ദ്ദേശങ്ങള്‍ അമേരിക്ക ഇന്നലെ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത്. ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക പൂര്‍ണസജ്ജമാണെന്നും ഇറാന്‍ യുദ്ധം വൈകാതെ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.