{"vars":{"id": "89527:4990"}}

സൈനിക അട്ടിമറിക്ക് ഗൂഢാലോചന: ബ്രസീൽ മുൻ പ്രസിഡന്റ് ബൊൽസനാരോക്ക് 27 വർഷം തടവുശിക്ഷ
 

 

സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസനാരോയ്ക്ക് 27 വർഷവും മൂന്ന് മാസവും തടവുശിക്ഷ. 2022ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് പിന്നാലെ അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നാണ് കേസ്. ബ്രസീൽ സുപ്രീം കോടതിയുടേതാണ് വിധി

2033ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ബൊൽസനാരോയെ വിലക്കിയിട്ടുമുണ്ട്. ബൊൽസനാരോ അട്ടിമറി ഗൂഡാലോചനക്ക് നേതൃത്വം നൽകിയെന്ന് തെളിഞ്ഞതായും കേസിൽ കുറ്റക്കാരനായി കണ്ടെത്തിയതെന്നും അഞ്ചംഗ പാനലിലെ നാല് ജഡ്ജിമാരും വിധിച്ചു. ഒരാൾ മാത്രം ബൊൽസനാരോയ്ക്ക് അനുകൂലമായി വിധിച്ചു

അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ബൊൽസനാരോ പറഞ്ഞു. ബ്രസീലിയയിൽ വീട്ടുതടങ്കലിലാണ് നിലവിൽ ബൊൽസനാരോ ഉള്ളത്. ജയിലിൽ അയക്കാതെ അദ്ദേഹത്തെ വീട്ടു തടങ്കലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെടും. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകാനും ബൊൽസനാരോയ്ക്ക് സാധിക്കില്ല.