{"vars":{"id": "89527:4990"}}

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും; യുഎന്നിൽ പിന്തുണ പ്രഖ്യാപിച്ച് മക്രോൺ
 

 

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്ര സഭയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രായേലും പലസ്തീനും മാറണമെന്ന് മക്രോൺ പറഞ്ഞു. യുഎന്നിൽ 150ലേറെ രാജ്യങ്ങളാണ് പലസ്തീന് പിന്തുണയുമായി എത്തിയത്

ദ്വിരാഷ്ട്ര വാദം ഉയർത്തി ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ പങ്കെടുത്തില്ല. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച രാജ്യങ്ങളോട് യുഎസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മറുപടി നൽകുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു

ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാജ്യം ഇനിയുണ്ടാകില്ലെന്ന ഭീഷണിയും നെതന്യാഹു മുഴക്കിയിരുന്നു. ജൂത സെറ്റിൽമെന്റ് വർധിപ്പിക്കുന്നത് തുടരുമെന്നും ഒക്ടോബർ 7 ഭീകരാക്രമണത്തിന് സമ്മാനം നൽകുകയാണ് പലസ്തീനെ പിന്തുണക്കുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു