കുരുതിക്കളമായി ഗാസ: കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ, ഇന്ന് മാത്രം 60 പേർ കൊല്ലപ്പെട്ടു
Sep 16, 2025, 17:16 IST
ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കി. അറുപതിലേറെ പേർ ഇന്ന് മാത്രം കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണം ശക്തമായതോടെ ആയിരക്കണക്കിന് പലസ്തീനികൾ ഗാസയിൽ നിന്ന് കൂട്ടപ്പലായനം ചെയ്യുകയാണ്.
ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതായി ഒരു മാപ്പ് പുറത്ത് വിട്ട് ഇസ്രായേൽ സേന അറിയിച്ചിരുന്നു. പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചത്.
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതാണെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്.