{"vars":{"id": "89527:4990"}}

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെസഫിക് സമുദ്രത്തില്‍ ഭീമന്‍ വിരകളെ കണ്ടെത്തി

 
പ്യൂര്‍ട്ടോ ബക്വേറിസോ മൊറീനോ: മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ വയറ്റില്‍ ധാരാളം വിരകളുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാവവുന്ന കാര്യമാണ്. എന്നാല്‍ ഭൂമിയുടെ സിംഹഭാഗവും അപഹരിക്കുന്ന കടലിനടിത്തട്ടില്‍ ഭീമന്‍ വിരകള്‍ ജീവിച്ചിരിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് കേട്ടാല്‍ ശാസ്ത്രജ്ഞര്‍വരെ അത്ഭുതപ്പെടും. അത്തരം ഒരു പുതിയ കണ്ടെത്തലാണ് പെസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപമാണ് വെളുത്തതും വലിപ്പമേറിയതുമായ വിരകളെ സമുദ്ര ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വിവധതരം വൈറസുകളും സൂഷ്മകോശ ജീവികളും മാത്രമാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്നതെന്നാണ് ഇതുവരെയും ശാസ്ത്രലോകം അനുമാനിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തിരുത്തപ്പെടുകയാണ് ജെയ്ന്റ് ട്യൂബ് വേം എന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന ഭീമന്‍ വിരകളെ കണ്ടെത്തിയതിലൂടെ. പസഫിക് സമുദ്രത്തിലെ ഈസ്റ്റ് പസഫിക് റൈസ് മേഖലയില്‍ ഉഷ്ണജലം പ്രവഹിക്കുന്ന സ്രോതസുകള്‍ക്ക് സമീപമാണ് ഈ ഭീമന്‍ വിരകളെ കണ്ടെത്തിയിരിക്കുന്നത്. ദ്രാവകങ്ങള്‍ നിറഞ്ഞ പൊത്തുകളിലാണ് ഇവ കഴിയുന്നതെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 20 മുതല്‍ 50 സെന്റീമീറ്റര്‍ വരെയായിരുന്നു ഇവിടെ കണ്ടെത്തിയ ട്യൂബ് വേമുകളുടെ നീളം. വിവിധ ഭൗമപ്ലേറ്റുകള്‍ സംഗമിക്കുന്ന സ്ഥലമാണ് ഈസ്റ്റ് പെസഫിക് റൈസ് മേഖല.