സമാധാനശ്രമങ്ങൾക്ക് നെതന്യാഹു തുരങ്കം വെച്ചെന്ന് ഹമാസ്; അമേരിക്കക്കും ഉത്തരവാദിത്തം
ഖത്തറിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഹമാസ്. നെതന്യാഹു സമാധാനശ്രമങ്ങൾക്ക് തുരങ്കം വെച്ചു. മേഖലയിലെ സുരക്ഷയും ബന്ദികളുടെ മോചനവും ഇസ്രായേലിന് വിഷയമല്ല. ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കക്കും ഉത്തരവാദിത്തമുണ്ടെന്നും ഹമാസ് പറഞ്ഞു.
ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചതായാണ് റിപ്പോർട്ട്. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തർ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു
ഉന്നത നേതാക്കൾ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്നും ഹമാസ് പറയുന്നു. ആറ് പേർ മരിച്ചതായാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.