പാകിസ്താനിൽ കനത്ത മഴ: ഖൈബർ പഖ്തൂൺഖ്വയിൽ ആറു മരണം
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ശക്തമായ മൺസൂൺ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ആറു പേർ മരിച്ചു. രണ്ടു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചതെന്ന് പ്രൊവിൻഷ്യൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (PDMA) അറിയിച്ചു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പ്രവിശ്യയിലെ വടക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഴയിലും മിന്നൽ പ്രളയത്തിലും 65 വീടുകൾ തകരുകയും ഇതിൽ 24 വീടുകൾ പൂർണ്ണമായി നശിക്കുകയും ചെയ്തു. അബോട്ടാബാദ്, സ്വാത്, മൻസെഹ്‌റ, പെഷവാർ, മർദാൻ തുടങ്ങിയ ജില്ലകളെയാണ് മഴ പ്രധാനമായും ബാധിച്ചത്.
രക്ഷാപ്രവർത്തനങ്ങൾക്കായി 'റെസ്ക്യൂ 1122' ടീമുകളും പ്രാദേശിക ഭരണകൂടവും രംഗത്തുണ്ട്. മേഖലയിൽ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.