{"vars":{"id": "89527:4990"}}

സമ്പൂർണ പിന്മാറ്റമില്ലെങ്കിൽ ഒത്തുതീർപ്പില്ല: അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാനക്കരാർ തള്ളി ഹിസ്ബുള്ള

 

ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ സായുധ സംഘടനയായ ഹിസ്ബുള്ള പൂർണ്ണമായി തള്ളി. ഇസ്രായേൽ സൈന്യം ലെബനനിൽ നിന്ന് പൂർണ്ണമായി പിന്മാറാതെ യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാനും മധ്യേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരാനും നടക്കുന്ന തീവ്ര ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഹിസ്ബുള്ളയുടെ ഈ നിലപാട്.

​തങ്ങളുടെ പോരാളികളെ തെക്കൻ ലെബനനിൽ നിന്ന് പിൻവലിക്കണമെന്ന കരാറിലെ വ്യവസ്ഥ ശത്രുവിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഹിസ്ബുള്ള അറിയിച്ചു. നിലവിലെ ചർച്ചകൾ വെറും പ്രഹസനമാണെന്നും ലെബനൻ ജനതയെ ഇല്ലാതാക്കാനുള്ള ഒരു 'റോഡ്മാപ്പ്' മാത്രമാണ് ഇതെന്നും നയീം ഖാസിം കുറ്റപ്പെടുത്തി.

​അതേസമയം, ലെബനൻ അതിർത്തിയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണങ്ങളിൽ 4 പേർ കൊല്ലപ്പെടുകയും ഒരു യുഎൻ സമാധാന പരിപാലകൻ വെടിയേറ്റ് മരിക്കുകയും ചെയ്തിട്ടുണ്ട്. ലെബനൻ അതിർത്തിയെയും ഇറാന്റെ പങ്കാളിത്തത്തെയും വേർതിരിച്ച് കണ്ട് സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ ഈ രണ്ട് മേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന നിലപാടിലാണ് ഇറാനും ഹിസ്ബുള്ളയും. ഹിസ്ബുള്ളയുടെ കടുത്ത നിലപാടോടെ മധ്യേഷ്യ വീണ്ടും കടുത്ത യുദ്ധ ഭീതിയിലേക്ക് നീങ്ങുകയാണ്.