{"vars":{"id": "89527:4990"}}

ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ല; വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കാമെന്ന് ട്രംപ്
 

 

ആണവചർച്ചകളുടെ വിഷയത്തിൽ ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അർത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാർഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 

 ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജനീവയിൽ നടന്ന മൂന്നാം ഘട്ട ആണവചർച്ചയിലും അമേരിക്കയും ഇറാനും കരാറിൽ ധാരണയിലെത്തിയിട്ടില്ല.  യുദ്ധം ആസന്നമാണെന്ന സൂചനയിൽ നിരവധി രാജ്യങ്ങൾ ഇറാനിലുള്ള തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

ബ്രിട്ടൻ ടെഹ്‌റാൻ എംബസിയിൽ നിന്നും ജീവനക്കാരെ പിൻവലിച്ചു. ചൈനയും ഇന്ത്യയും കാനഡയും തങ്ങളുടെ പൗരന്മാരോട് ഉടനടി ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസും ജർമനിയും പൗരന്മാരോട് അത്യാവശ്യമെങ്കിൽ മാത്രമേ ഇറാനിലേക്ക് പോകാവൂ എന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. നാലാം ഘട്ട ആണവചർച്ച തിങ്കളാഴ്ച ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടക്കാനിരിക്കുകയാണ്.