{"vars":{"id": "89527:4990"}}

അമേരിക്ക ഊർജ്ജ ശൃംഖല ആക്രമിച്ചാൽ ചെങ്കടൽ പാത അടയ്ക്കണം; ഹൂതികൾക്ക് നിർദ്ദേശം നൽകി ഇറാൻ എന്ന് റിപ്പോർട്ട്

 

ഇറാനിലെ പ്രധാന ഊർജ്ജ ശൃംഖലകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ, ചെങ്കടലിലൂടെയുള്ള എണ്ണക്കടത്ത് പാത പൂർണ്ണമായും അടച്ചുപൂട്ടാൻ യെമനിലെ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

​ഇറാൻ ഭരണകൂടത്തിന്റെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായതെന്നും, ഇക്കാര്യം യെമനിലെ ഹൂതി സഖ്യകക്ഷികളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഇറാൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ഹൂതികൾ മിസൈലുകളും ഡ്രോണുകളും വിന്യസിച്ച് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് സൂചന.

​നിലവിൽ പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, ചെങ്കടൽ പാത കൂടി തടസ്സപ്പെടുന്നത് ആഗോള എണ്ണ വിതരണത്തെയും ഊർജ്ജ മേഖലയെയും അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. അമേരിക്കയുമായുള്ള സംഘർഷം കടുക്കുകയാണെങ്കിൽ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം എപ്പോൾ തടയണം എന്ന കാര്യത്തിൽ യെമനിലുള്ള ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രതിനിധികളായിരിക്കും അന്തിമ തീരുമാനമെടുക്കുക.