തോഷാഖാന അഴിമതി കേസ്: ഇമ്രാൻ ഖാനും ഭാര്യക്കും 17 വർഷം തടവുശിക്ഷ
Dec 20, 2025, 15:20 IST
തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വർഷം തടവുശിക്ഷ വിധിച്ചു. 2021ൽ സൗദി അറേബ്യൻ സർക്കാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരായ കേസ്.
റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാലയിൽ വെച്ചാണ് പ്രത്യേക കോടതി വിധി പറഞ്ഞത്. പാക് പീനൽ കോഡിലെ സെക്ഷൻ 409 പ്രകാരം 10 വർഷത്തെ കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷത്തെ തടവുമാണ് ഇരുവർക്കുമെതിരെ വിധിച്ചത്
ഇരുവരും 16.4 ദശലക്ഷം പാക് രൂപ വീതം പിഴയും നൽകണം. വില കൂടിയ വാച്ചുകൾ, വജ്രം, സ്വർണാഭരണങ്ങൾ അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ ഖജനാവിൽ നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ചാണ് കേസ്.