ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്തു: പാക് ചാനലിന് വിലക്ക്

 

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന് ചാനലിന് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. സ്വകാര്യ വാർത്താ ചാനലായ എആർവൈ ടിവിയുടെ സംപ്രേഷണം നിർത്തിവെച്ചു. സംപ്രേഷണ വിലക്ക് ഏർപ്പെടുത്തി മണിക്കൂറുകൾക്കകമാണ് പാകിസ്ഥാൻ മീഡിയ റെഗുലേറ്ററിയുടെ നടപടി. 

ഇമ്രാൻ ഖാനോട് അനുഭാവം പുലർത്തുന്ന ARY ചാനൽ നിലവിൽ ലഭ്യമല്ല. സ്‌ക്രീനിൽ നിരോധനത്തിന്റെ സന്ദേശമാണുള്ളത്. ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്ക് പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചെന്ന് കാട്ടിയാണ് നിരോധനം. 

രാജ്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ വിദ്വേഷകരവും അപകീർത്തികരവും അനാവശ്യവുമായ പ്രസ്താവനകൾ സംപ്രേക്ഷണം ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ലംഘനമാണെന്നാണ് റെഗുലേറ്ററി ബോഡിയുടെ ഉത്തരവിൽ പറഞ്ഞത്. തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഖാൻ സർക്കാരിനെ വിമർശിച്ചതിനാൽ ഖാന്റെ സംപ്രേക്ഷണങ്ങൾക്ക് ഇപ്പോൾ പൂർണ്ണ നിരോധനമുണ്ട്. 

ഇമ്രാൻ ഖാൻ തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും തുടർച്ചയായി സർക്കാർ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതു സമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുണ്ട്. ഇത് ആർട്ടിക്കിൾ 19 പ്രകാരം ഗുരുതരമായ ലംഘനമാണ്. -പി.ഇ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു.