മുൻ നിലപാടിൽ നിന്ന് മാറി ഇന്ത്യ; പലസ്തീൻ വിഷയത്തിൽ യുഎൻ പൊതുസഭയിൽ അനുകൂലിച്ച് വോട്ട് ചെയ്തു
പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക വഴി പലസ്തീൻ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്.
പ്രമേയത്തെ ഇന്ത്യയക്കം 142 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ ഇസ്രായേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. പലസ്തീൻ വിഷയത്തിൽ മുൻനിലപാടിൽ നിന്നുള്ള വ്യക്തമായ മാറ്റമാണ് വോട്ട് ചെയ്തതിലൂടെ ഇന്ത്യ തെളിയിച്ചത്.
അടുത്ത കാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിന് വരുമ്പോൾ ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു പതിവ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാല് വട്ടവും ഗാസ വിഷയത്തിൽ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.