ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ; ജൂൺ 2ന് ചുമതലയേൽക്കും
 

 

ലോക ബാങ്കിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ വംശജൻ. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗ ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. അജയ് ബംഗ ബുധനാഴ്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി ലോകബാങ്ക് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. 

ബുധനാഴ്ച ചേർന്ന 25 അംഗ എക്സിക്യൂട്ടീവ് ബോർഡിലാണ് തീരുമാനം. ലോകബാങ്ക് ബോർഡ് അംഗങ്ങൾ തിങ്കളാഴ്ച നാല് മണിക്കൂർ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരാളികൾ ആരുമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വർഷമാണ് കാലാവധി. ജൂൺ രണ്ടിന് ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് 63കാരനായ ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിർദേശിച്ചത്.