വാക്കുതർക്കം: യുഎസിൽ മോട്ടൽ മാനേജരായ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി
യുഎസിൽ വാക്കുതർക്കത്തെ തുടർന്ന് ഇന്ത്യൻ വംശജനെ വടിവാൾ കൊണ്ട് തലയറുത്ത് കൊന്നു. ഡാലസിലെ മോട്ടലിൽ മാനേജറും കർണാടക സ്വദേശിയുമായ ചന്ദ്രമൗലി നാഗമല്ലയ്യയാണ്(50) കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസിനെ(37) പോലീസ് അറസ്റ്റ് ചെയ്തു
നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ചായിരുന്നു കൊലപാതകം. മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. മുറിയിലേക്ക് കടന്നുവന്ന നാഗമല്ലയ്യ കേടായ വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോട് പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോട് നേരിട്ട് പറയാതെ ജീവനക്കാരി വഴി നിർദേശിച്ച രീതിയാണ് മാർട്ടിനെസിനെ പ്രകോപിപ്പിച്ചത്
ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കം തുടങ്ങി. ഇതിനിടെ മുറിക്ക് പുറത്തുപോയി വടിവാളുമായി വന്ന മാർട്ടിനെതിരെ നാഗമല്ലയ്യയെ വെട്ടിക്കൊല്ലുകയായിരുന്നു. നാഗമല്ലയ്യയുടെ ഭാര്യയും 18കാരൻ മകനും അക്രമം തടയാൻ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ല. നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തി തലയറുക്കുകയും ചെയ്തു. വെട്ടിമാറ്റിയ തലയെടുത്ത് മാർട്ടിനെസ് മാലിന്യക്കൂമ്പാരത്തിലിടുകയും ചെയ്തു.