നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെ യുഎസ് ആക്രമണം നടത്തിയെന്ന് ഇറാൻ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കുറ്റപ്പെടുത്തൽ
ടെഹ്‌റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ നിർമ്മാണത്തിലിരിക്കുന്ന തങ്ങളുടെ ആണവനിലയത്തിന് നേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയതായി ഇറാൻ ആണവോർജ്ജ സംഘടന (AEOI) പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള കടുത്ത നിയമലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.
ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലുള്ള 'ദാർഖോവിൻ' (Darkhovin) ആണവനിലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് സമാധാനപരമായ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ആണവ സമുച്ചയത്തിന് നേരെ യുഎസ് നിരവധി മിസൈലുകൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി അമേരിക്കൻ ഭരണകൂടം നടത്തിയ ഈ ഭീകരാക്രമണം ഇറാന്റെ ശാസ്ത്രീയ സ്വയംപര്യാപ്തതയ്ക്ക് നേരെ നടന്നിട്ടുള്ള കടന്നുകയറ്റമാണ്," എന്ന് ഇറാൻ ആണവോർജ്ജ സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ആണവനിലയത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുഎസ് ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.