പരമോന്നത നേതാവാകാൻ ഇറാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചു; അതി വിചിത്ര അവകാശവാദവുമായി ട്രംപ്
ആരുടെയും നെറ്റി ചുളിക്കുന്ന അതിവിചിത്ര അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയത്തുല്ല അലി ഖമനയിയുടെ മരണശേഷം അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലാണ് ട്രംപ് അതിഭീകര നുണ തട്ടിവിട്ടത്.
ഇറാനിലെ നേതൃത്വമാണ് എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പക്ഷേ ഞാൻ അത് നിരസിച്ചു എന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഭരണനേതൃത്വത്തിലുണ്ടായ വിടവ് നികത്താനാണ് അവർ തന്നെ സമീപിച്ചതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസമാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. പിന്നാലെ അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയെ പുതിയ പരമോന്നതന നേതാവായി തെരഞ്ഞെടുത്തിരുന്നു
യുദ്ധത്തിനിടെ മൊജ്തബക്കും പരുക്കേറ്റതായി വാർത്തകൾ വന്നിരുന്നു. ഇതിന് ശേഷം മൊജ്തബയെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഇതിനിടയിലാണ് ട്രംപിന്റെ അവകാശവാദം. ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു