അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; ഖമേനിയുടെ ഭൗതികശരീരം സംസ്കരിച്ചു, ഗൾഫിൽ യുദ്ധഭീതി
ടെഹ്റാൻ: യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ സംസ്കരിച്ചതിന് പിന്നാലെ, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിത്തുവിട്ട് ഇറാൻ. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. കുറച്ചുകാലമായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് തങ്ങൾ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. കുവൈറ്റിലെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഖത്തറിലെ യു.എസ് വ്യോമ മുന്നറിയിപ്പ് കേന്ദ്രം, ബഹ്റൈനിലെ യു.എസ് സൈന്യത്തിന്റെ ഇന്ധന സംഭരണശാല എന്നിവയ്ക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇറാൻ അതിർത്തിക്കുള്ളിൽ യു.എസ് നടത്തിയ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഒരു റെയിൽവേ പാലവും തകർത്തതായാണ് വിവരം.
അതേസമയം, വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹദ് നഗരത്തിലുള്ള ഇമാം റിസാ മസ്ജിദിൽ വെച്ചാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്തത്. ദിവസങ്ങൾ നീണ്ടുനിന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമാണ് ഖമേനിയുടെ സംസ്കാരം നടന്നത്. ലക്ഷക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിന് വിട ചൊല്ലാൻ തെരുവിലിറങ്ങിയത്. ചടങ്ങുകൾക്കിടയിലും അമേരിക്കയ്ക്കെതിരെ കടുത്ത പ്രതിഷേധ സൂചകമായ ബാനറുകളും മുദ്രാവാക്യങ്ങളും ഉയർന്നു കേട്ടു.
ഇരുവിഭാഗവും ആക്രമണം ശക്തമാക്കിയതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലും വൻ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.