സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ
ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു
അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി.
ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു ലാരിജാനി. ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയുടെ നേതൃത്വം ലാരിജാനിയുടെ പക്കലായിരുന്നു. മൂന്ന് തവണ സ്പീക്കറായും ലാരിജാനി പ്രവർത്തിച്ചിട്ടുണ്ട്. ഖമനയിയുടെ വധത്തിന് ശേഷം ഇറാനിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് അദ്ദേഹം