യു.എസ് ഉപരോധം നിലവിൽ വരും മുൻപ് ഹോർമുസ് കടലിടുക്ക് കടന്ന് ഇറാൻ കപ്പലുകൾ; മേഖലയിൽ കനത്ത ജാഗ്രത
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന് മേൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ച കർശനമായ നാവിക ഉപരോധം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ്, ഇറാൻ വ്യാപാരവുമായി ബന്ധമുള്ള നിരവധി കപ്പലുകൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്നു. ചൊവ്വാഴ്ചയോടെയാണ് ഈ കപ്പലുകൾ കടലിടുക്ക് വഴി സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയതെന്ന് കപ്പൽ ഗതാഗത വിവരങ്ങൾ വിശകലനം ചെയ്യുന്ന ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ എല്ലാ തുറമുഖങ്ങൾക്കും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ളവ ആക്രമിക്കുമെന്നും യു.എസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 11 കപ്പലുകളിൽ ഒൻപതും ഇറാന്റെ റൂട്ടാണ് ഉപയോഗിച്ചത്. ഇതിൽ മൂന്ന് ഒഴിഞ്ഞ എണ്ണക്കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിച്ചപ്പോൾ, രണ്ട് ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വഹിക്കുന്ന എണ്ണക്കപ്പൽ ഉൾപ്പെടെയുള്ള മറ്റ് കപ്പലുകൾ ഇറാന്റെ കയറ്റുമതി സാമഗ്രികളുമായി ഹോർമുസ് കടലിടുക്ക് കടന്ന് പുറത്തേക്ക് പോയി.
അതേസമയം, യു.എസ് - ഇറാൻ സംഘർഷം കടുക്കുന്നതും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള ഇന്ധന വിപണിയെയും ഷിപ്പിംഗ് മേഖലയെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ പ്രതിദിനം ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് അതീവ തന്ത്രപ്രധാനമായ ഈ ഹോർമുസ് കടലിടുക്ക് വഴിയാണ്.