ഇറാഖിലെ സഖ്യസേനാ ക്യാമ്പിന് നേരെ വീണ്ടും റോക്കറ്റാക്രമണം; സംശയമുനയിൽ ഇറാൻ

ഇറാൻ-അമേരിക്ക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ബാഗ്ദാദിന് സമീപത്തുള്ള സഖ്യസേനാ സൈനിക താവളത്തിന് നേർക്ക് വീണ്ടും റോക്കറ്റാക്രമണം. അമേരിക്കൻ സൈനികരും സഖ്യസേനാ സൈനികരും തമ്പടിച്ചിരുന്ന അൽ ബലാദ് വിമാനത്താവളത്തിലേക്കാണ്
 

ഇറാൻ-അമേരിക്ക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ബാഗ്ദാദിന് സമീപത്തുള്ള സഖ്യസേനാ സൈനിക താവളത്തിന് നേർക്ക് വീണ്ടും റോക്കറ്റാക്രമണം. അമേരിക്കൻ സൈനികരും സഖ്യസേനാ സൈനികരും തമ്പടിച്ചിരുന്ന അൽ ബലാദ് വിമാനത്താവളത്തിലേക്കാണ് ആക്രമണം നടന്നത്.

ഇറാഖ് വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. യു എസ് സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് അൽ ബലാദ് വിമാനത്താവളത്തിൽ ആറ് റോക്കറ്റുകൾ പതിച്ചത്.

അമേരിക്കൻ സൈനികോദ്യോഗസ്ഥരുടെ പരിശീലനം നടക്കുന്ന വിമാനത്താവളമാണ് അൽ ബലാദ്. ആക്രമണം നടത്തിയത് ആരാണെന്നതിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇറാൻ സൈന്യം നേരിട്ടാണോ, ഇറാനെ പിന്തുണക്കുന്ന ഏതെങ്കിലും സായുധ ഗ്രൂപ്പ് നടത്തിയതാണോയെന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ട്. സംഭവത്തെ കുറിച്ച് ഇറാനും പ്രതികരിച്ചിട്ടില്ല

നേരത്തെ അൽ അസദ്, ഇർബിൽ സൈനിക ക്യാമ്പുകളിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. 80 സൈനികരെ വധിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും ഒരാൾ പോലും കൊല്ലപ്പെട്ടില്ലെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു.