ഗാസ വെടിനിർത്തലിന് ട്രംപ് നിർദേശിച്ച പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ യുദ്ധം
ഗാസ വെടിനിർത്തലിന് യുഎസ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ. വൈറ്റ് ഹൗസിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണക്കുന്നു. ഗാസക്ക് യാഥാർഥ്യബോധമുള്ള പാത ഒരുക്കുന്നതാണ് ട്രംപിന്റെ പദ്ധതിയെന്ന് നെതന്യാഹു പറഞ്ഞു
ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണമുണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറും. ഗാസ ഒരു പരിവർത്തനത്തിന് വിധേയമാകാതെ പലസ്തീൻ അതോറിറ്റിക്ക് അവിടെയൊരു പങ്കും നിർവഹിക്കാൻ കഴിയില്ല
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രായേൽ ജോലി പൂർത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നതായി ട്രംപും പ്രതികരിച്ചു
72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനർനിർമാണത്തിന് തന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും അതിൽ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഹമാസിനും മറ്റ് ഭീകര സംഘടനകൾക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ ഒരു നിലയിലും പങ്കുണ്ടാകില്ല
ഗാസയിലെ സഹായ വിതരണം യുഎൻ, റെഡ് ക്രസന്റ് അടക്കമുള്ള ഏജൻസികൾ വഴി നടത്തും. ഗാസയിൽ നിന്ന് ആരെയും പുറത്താക്കില്ല. പദ്ധതി പ്രകാരം അറബ് രാജ്യങ്ങൾ ഗാസയെ സൈനികമുക്തമാക്കാനും ഹമാസിന്റെയും മറ്റ് എല്ലാ ഭീകര സംഘടനകളുടെയും സൈനിക ശേഷി ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാകും. ഇസ്രായേൽ സൈന്യം ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് പിൻമാറും. ഹമാസിൽ നിന്ന് ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ട്രംപ് പറഞ്ഞു