ഗ്രേറ്റ അടക്കമുള്ള ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാടുകടത്തി; ചിത്രങ്ങൾ പുറത്തുവിട്ടു
ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ളോട്ടിലയിൽ നിന്നും തടവിലാക്കിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളെ നാടുകടത്തിയതായി ഇസ്രയേൽ. ഗ്രേറ്റയോടൊപ്പം 170 ആക്ടിവിസ്റ്റുകളെയും വിട്ടയച്ചിട്ടുണ്ട്. ഗ്രീസിലേക്കും സ്ലോവാക്യയിലേക്കുമാണ് ആക്ടിവിസ്റ്റുകളെ നാടുകടത്തിയത്.
ഇത് രണ്ടാം തവണയാണ് ഗാസയിലേക്കുള്ള വഴിയിൽ നിന്നും പിടികൂടി ഗ്രേറ്റയെ ഇസ്രയേൽ നാടുകടത്തുന്നത്. ഗ്രേറ്റ വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം ഇസ്രയേൽ വിദേശ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ടവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും മാനിക്കപ്പെട്ടെന്ന് മന്ത്രാലയം പറഞ്ഞു.
ഇസ്രയേൽ തങ്ങളോട് ക്രൂരമായി പെരുമാറിയെന്ന് നേരത്തെ പറഞ്ഞുവിട്ട ഫ്ളോട്ടില ആക്ടിവിസ്റ്റുകൾ പറഞ്ഞിരുന്നു. ഇവ കളവാണെന്നും മന്ത്രാലയം ആരോപിച്ചു. നെഗേവ് മരുഭൂമിയിലെ റാമൺ എയർബേസിൽ നിന്നാണ് ഗ്രേറ്റ വിമാനം കയറിയതെന്ന് ഇസ്രയേൽ വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു