ഗ്രെറ്റ തുൻബർഗ് അടക്കമുള്ള സന്നദ്ധ പ്രവർത്തകരെ അതാത് രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഇസ്രായേൽ
ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബൽ സമുദ് ബോട്ടുകളുടെ വ്യൂഹത്തെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രായേൽ അറിയിച്ചു. തുൻബർഗ് അടക്കമുള്ളവരെ ഇസ്രായേലിലേക്ക് കൊണ്ടുപോയതായും അവരവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഗ്രെറ്റയുടേയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും ചിത്രങ്ങളും ഇസ്രായേൽ പുറത്തു വിട്ടിട്ടുണ്ട്. ഗാസയിൽ പട്ടിണി കിടക്കുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ബോട്ടുകളുമായി ഗ്ലോബൽ സമുദ് ഫ്‌ളോട്ടില്ല എന്ന ബോട്ട് വ്യൂഹം യാത്ര തിരിച്ചത്. ഗ്രെറ്റയെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളാണ് ബോട്ടിലുണ്ടായിരുന്നത്
സ്‌പെയിനിന്റെയും ഇറ്റലിയുടെയും നാവിക കപ്പലുകൾ ഈ ബോട്ടുകളുടെ വ്യൂഹത്തിന് സഹായത്തിനായി വിന്യസിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഗാസയിൽ എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം ബോട്ടുകൾ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു.