{"vars":{"id": "89527:4990"}}

ഇസ്രായേലിൽ ഒക്ടോബർ 27-ന് പൊതുതിരഞ്ഞെടുപ്പ്; നെതന്യാഹു സർക്കാർ കാലാവധി പൂർത്തിയാക്കും

 

ജെറുസലേം: ഇസ്രായേലിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കും. രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയും ഗാസ യുദ്ധ പശ്ചാത്തലത്തിലൂടെയും കടന്നുപോകുന്നതിനിടയിലാണ് പാർലമെന്റ് (ക്നെസെറ്റ് - Knesset) തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

​നിലവിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ നിയമസഭയുടെ കാലാവധി ചുരുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പൂർണ്ണ കാലാവധി പൂർത്തിയാക്കുമെന്നും പാർലമെന്റ് വ്യക്തമാക്കി. ഇതോടെ, പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഇസ്രായേലിൽ ഒരു സഖ്യസർക്കാർ കാലാവധി തികച്ച് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

​ജൂലൈ 17-ഓടെ നിലവിലെ പാർലമെന്റ് സമ്മേളനങ്ങൾ അവസാനിക്കുകയും സഭ പിരിഞ്ഞ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും. ഗാസയിലെയും പ്രാദേശിക മേഖലകളിലെയും യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ഒന്നായിരിക്കും. ഭരണവിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളികളും മറികടന്ന് അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് നെതന്യാഹുവും വലതുപക്ഷ സഖ്യവും.