{"vars":{"id": "89527:4990"}}

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; എന്നും അങ്ങനെ തന്നെയായിരിക്കും: യുഎന്നിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

 

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ (UNGA) ജമ്മു കശ്മീരിനെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തിയ പാകിസ്ഥാന് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ യുഎന്നിൽ ആവർത്തിച്ചു. സ്വന്തം രാഷ്ട്രീയ അജണ്ടകളും തെറ്റായ പ്രചാരണങ്ങളും നടപ്പിലാക്കാൻ പാകിസ്ഥാൻ യുഎൻ വേദികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

​യുഎൻ രക്ഷാസമിതിയുടെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന പൊതുസഭാ യോഗത്തിൽ സംസാരിക്കവെ, ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയായ പാർവതനേനി ഹരീഷാണ് പാകിസ്ഥാന് കടുത്ത മറുപടി നൽകിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

​"ഇന്ത്യയുടെ പൂർണ്ണമായും ആഭ്യന്തര കാര്യമായ ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ച് പാകിസ്ഥാൻ നടത്തിയ അനാവശ്യ പരാമർശങ്ങൾ എന്നെ ഇതിന് പ്രേരിപ്പിക്കുകയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാകാത്തതുമായ ഭാഗമാണ്. ഇതിന് വിരുദ്ധമായുള്ള പാകിസ്ഥാന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ചരിത്രവസ്തുതകൾക്ക് നിരക്കാത്തതുമാണ്. പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദങ്ങൾക്കൊന്നും ഈ യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല," പാർവതനേനി ഹരീഷ് പറഞ്ഞു.

​നേരത്തെ യോഗത്തിൽ സംസാരിച്ച പാകിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിഖർ അഹമ്മദ് കശ്മീർ വിഷയം ഉന്നയിക്കുകയും യുഎൻ രക്ഷാസമിതി പ്രമേയങ്ങൾക്കനുസരിച്ച് ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. യുഎൻ രക്ഷാസമിതി അംഗത്വം വലിയൊരു ഉത്തരവാദിത്തമാണെന്നും, വ്യാജവും പക്ഷപാതപരവുമായ കഥകൾ പ്രചരിപ്പിക്കാനുള്ള വേദിയല്ല ഇതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. കൂടാതെ, നിലവിലെ ആഗോള യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ യുഎൻ രക്ഷാസമിതിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്നും ഇന്ത്യ ഈ യോഗത്തിൽ ആവശ്യപ്പെട്ടു.