{"vars":{"id": "89527:4990"}}

ഇസ്‌ലാമിക രാജ്യങ്ങളെ സൗഹൃദത്തിലേക്കും സഹകരണത്തിലേക്കും ക്ഷണിച്ച് ഖൊമേനി; പശ്ചിമേഷ്യ ഇനി അമേരിക്കൻ താവളങ്ങളുടെ കവചമാകില്ലെന്ന് മുന്നറിയിപ്പ്

 

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖൊമേനി എല്ലാ ഇസ്‌ലാമിക രാജ്യങ്ങളെയും പ്രാദേശിക ശക്തികളെയും പരസ്പര സൗഹൃദത്തിലേക്കും സഹകരണത്തിലേക്കും ക്ഷണിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇനി അമേരിക്കൻ സൈനിക താവളങ്ങളുടെ സംരക്ഷണ കവചമായി നിൽക്കില്ലെന്നും അമേരിക്കയ്ക്ക് ഈ മേഖലയിൽ ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ ഹജ്ജ് കർമ്മങ്ങളോട് അനുബന്ധിച്ച് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഖൊമേനി ഇക്കാര്യം അറിയിച്ചത്.

​മേഖലയിലെ പൊതുവായ നന്മയ്ക്കും പുതിയൊരു ആഗോള-പ്രാദേശിക ക്രമം കെട്ടിപ്പടുക്കുന്നതിനുമായി ഒന്നിച്ച് നീങ്ങാൻ എല്ലാ മുസ്ലിം രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. അസ്ഥിരമായ സയണിസ്റ്റ് (ഇസ്രായേൽ) ഭരണം അതിന്റെ അന്ത്യത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്നും സമയം ഇനി പിന്നോട്ട് തിരിക്കാൻ ആകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

​അതേസമയം, മൂന്ന് മാസമായി തുടരുന്ന ഇറാൻ - യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ദോഹയിൽ പുരോഗമിക്കുകയാണ്. നിലവിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, യുഎസ് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കയുടെ എംക്യു-9 (MQ-9) ഡ്രോൺ ഇറാൻ വെടിവെച്ചിട്ടിരുന്നു.

​എങ്കിലും വരും ദിവസങ്ങളിൽ തന്നെ യുഎസുമായി ഒരു സമാധാന കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.